എറണാകുളം : ഈ കാലഘട്ടത്തിലും സ്വന്തമായി വാസയോഗ്യമായ ഭവനം ഇല്ലാത്ത ആയിരങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നുള്ളത് ഏറെ വേദനാജനകമാണെന്നും ധൂർത്തും ആർഭാടവും ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കുവാൻ സമൂഹം മുന്നോട്ടുവരണമെന്നും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് പറഞ്ഞു.വരാപ്പുഴ അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കുന്ന ആർച്ച്ബിഷപ്പ്സ് സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി 44 കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭവനം ഇല്ലാത്തവരുടെ വേദനയിൽ അവരോടൊപ്പം താനും അതിരൂപതയും പങ്കുചേരുന്നതായും അഭിവന്ദ്യ പിതാവ് പറഞ്ഞു.
എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള 44 കുടുംബങ്ങൾക്കാണ് ഈ സ്നേഹസമ്മാനം ലഭ്യമായത്. എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.മാർട്ടിൻ അഴീക്കകത്ത് , അസി.ഡയറക്ടർ ഫാ. ജിബിൻ മാതിരപ്പള്ളി, വാർഡ് കൗൺസിലർ ശ്രീ. മനു ജേക്കബ്, സിസ്റ്റർ ട്രീസ സിൽജി SMDC എന്നിവർ സംസാരിച്ചു.