എറണാകുളം : വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം കൊച്ചി കോർപ്പറേഷൻ വർക്ക്സ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുനിത ഡിക്സൺ ഉദ്ഘാടനം ചെയ്തു. വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 4, 5, 6 തീയതികളിൽ സംഘടിപ്പിച്ച മേഖലാതല വനിതാദിനാഘോഷത്തിന്റെ ഭാഗമായി സെന്റർ ഫോർ കോണ്സ്റ്റിട്യൂഷണൽ റൈറ്റ്സ് റിസർച്ച് ആൻഡ് അഡ്വക്കസിയുമായി ചേർന്ന് സ്ത്രീകൾ തുല്യപരിഗണന അർഹിക്കുന്നു എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് രൂപീകരിച്ച സ്ത്രീപക്ഷ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

ആഘോഷപരിപാടികളുടെ ഭാഗമായി ജീവിതത്തിലെ വെല്ലുവിളികളോട് സധൈരം പൊരുതി അതിജീവനം തന്നെ ജീവിതമാക്കി മാറ്റിയ ഒരു പറ്റം സ്ത്രീകളെയും കോവിഡ് കാലഘട്ടത്തിൽ സ്തുത്യർഹമായി സേവനം കാഴ്ചവച്ച വരെയും ആദരിക്കുകയും ചെയ്തു.

ആശാകിരണം കാൻസർ ചികിത്സാ പദ്ധതിയിലേക്ക് ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയ ഫെഡറേഷനുകളെയും ചടങ്ങിൽവെച്ച് ആദരിച്ചു. ESSS ഡയറക്ടർ ഫാദർ മാർട്ടിൻ അഴീക്കകത്ത്, കോർപ്പറേഷൻ കൗൺസിലർ അഡ്വക്കേറ്റ് വി കെ മിനിമോൾ , അഡ്വക്കേറ്റ് സന്ധ്യ രാജു , ചലച്ചിത്ര പ്രവർത്തകയും ബിജെപി നേതാവുമായ ശ്രീമതി ഭദ്ര , സിസ്റ്റർ ട്രീസ സിൽജി, ശ്രീമതി സീമ റോയ്, ശ്രീമതി ടെൽമ ജോർജ് എന്നിവർ സംസാരിച്ചു.