പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ‘സമഗ്ര-2026’ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു; എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിക്കുള്ള വായ്പ കൈമാറി
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ, സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘സമഗ്ര-2026’ സ്വയംതൊഴിൽ വായ്പാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പള്ളുരുത്തിയിൽ വച്ച് നിർവഹിച്ചു. ചടങ്ങിൽ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിക്കുള്ള സ്വയംതൊഴിൽ വായ്പയുടെ ആദ്യ ഗഡു വിതരണം ചെയ്തു.
സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ശ്രീ. വി. ടി. സതീശൻ വ്യക്തമാക്കി. എൻ.ജി.ഒകൾ, കുടുംബശ്രീ തുടങ്ങിയ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് സ്ത്രീകൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പരിശീലനം നൽകുമെന്നും, അവർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ആവശ്യമായ വിപണന സൗകര്യം സർക്കാർ ഉറപ്പാക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, ചരിത്രത്തിലാദ്യമായി നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള 540 പദ്ധതികളുടെ പുരോഗതി തത്സമയം അറിയുന്നതിനായി പ്രത്യേക പോർട്ടൽ നിലവിൽ വന്നതായും പിന്നോക്ക വിഭാഗ കോർപ്പറേഷൻ വഴി കൂടുതൽ ക്ഷേമപദ്ധതികൾ നടപ്പിലാക്കുമെന്നും വ്യക്തമാക്കി.
മന്ത്രി കെ. എ. തുളസി അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ, എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, ടോണി ചമ്മിണി, മേയർ വി. കെ. മിനിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ, കോർപ്പറേഷൻ ചെയർമാൻ ഡോ. എ. കൗശികൻ, മാനേജിംഗ് ഡയറക്ടർ കെ. എസ്. അഞ്ചു തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ പുതിയ വായ്പാ പദ്ധതികളുടെ പ്രഖ്യാപനവും നടന്നു. സംസ്ഥാനത്തെ പതിനയ്യായിരത്തോളം ഗുണഭോക്താക്കൾക്കായി 100 കോടിയിലധികം രൂപയുടെ വായ്പാ വിതരണമാണ് വേദിയിൽ നടന്നത്. സ്വയംതൊഴിൽ, വിദ്യാഭ്യാസം, വിവാഹ ധനസഹായം, ഗ്രീൻ വീൽ വായ്പകൾ എന്നിവയും ചടങ്ങിൽ വിതരണം ചെയ്തു.
