വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി ലോക കാൻസർ ദിനാചരണത്തിൻ്റെ ഭാഗമായി കാൻസർ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. എറണാകുളം ഹൈക്കോർട്ടിന് സമീപത്തുള്ള മദർ തെരേസ സ്ക്വയറിൽ നടന്ന ചടങ്ങിൽ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ റവ. ഡോ. ആൻ്റണി സിജൻ മണുവേലിപറമ്പിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു . സെൻ്റ് ആൽബർട്ട്സ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് HOD ഡിനു സൈമൺ എല്ലാവരേയും സ്വാഗതം ചെയ്തു. പ്രസ്തുത പരിപാടിയുടെ ഭാഗമായി സെൻ്റ് ആൽബർട്ട്സ് കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ്, തെരുവ് നാടകം തുടങ്ങിയവ അവതരിപ്പിച്ചു. കാൻസർ എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. തുടർന്ന് കാൻസർ രോഗലക്ഷണങ്ങൾ, മുൻകരുതലുകൾ, പ്രതിരോധ മാർഗ്ഗങ്ങൾ മുതലായവ അടങ്ങിയ ലീഫ് ലെറ്റ് ജനങ്ങൾക്ക് വിതരണം ചെയ്യുകയും പ്രസ്തുത പരിപാടിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവർ വിരലടയാളം രേഖപ്പെടുത്തുകയും ചെയ്തു . തുടർന്ന് ഇ.എസ്.എസ്.എസ് അസി. ഡയറക്ടർ ഫാ. റോഷൻ റാഫേൽ നെയ്യ്ശേരി എല്ലാവർക്കും നന്ദി പറഞ്ഞു. ഇ.എസ്.എസ്.എസ് പ്രവർത്തകർ, കോളേജ് ടീച്ചിംഗ്, നോൺ ടീച്ചിംഗ് സ്റ്റാഫ്, സ്റ്റുഡൻ്റ്സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

